Football

ഇടങ്കാലില്‍ വിസ്മയം തീര്‍ത്ത് വിനീത്; പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ്

പ്രതീക്ഷ വറ്റിയ കണ്ണുകളും കുനിഞ്ഞ ശിരസ്സുകളും പൂണെയിലെ ഗ്യാലറിയില്‍ അങ്ങിങ്ങായി കാണാമായിരുന്നു. സീസണിലെ മികച്ച ആരാധകക്കൂട്ടമായ, അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയരായ മഞ്ഞപ്പടയുടെ ആരവങ്ങള്‍ എന്നേക്കുമായി അവസാനിക്കുന്നുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍. പക്ഷേ അത്തരം സന്ദര്‍ഭങ്ങളിലാണ് പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി എന്നും ആ പതിമൂന്നാം നമ്പറുകാരന്‍ എത്തിയിരുന്നത്. ഇക്കുറിയും മറിച്ചല്ല സംഭവിച്ചത്.

കളിയിലുടനീളം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഓടിത്തളര്‍ന്ന് നിരാശനായ വിനീതിനെയാണ് കാണാനായത്. ലഭിച്ച അവസരങ്ങള്‍ മുതാലാക്കാനോ കളിമെനയാനോ കഴിയാതെ മൈതാനം നിറയെ ഓടി നടന്നു വിനീത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ മത്സരം സമനിലയില്‍ കുരുങ്ങിയേക്കുമെന്ന് തോന്നിപ്പിച്ച അവസാന മിനുട്ടുകളിലാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പൂണെയുടെ നെഞ്ചകം പിളര്‍ന്ന ആ ഷോട്ട് പിറന്നത്.

പ്രതിരോധത്തില്‍ നിന്നും പറന്നുവന്ന ലോങ്‌ബോള്‍ കൈക്കലാക്കി പൂണെ പ്രതിരോധത്തിലെ രണ്ടു താരങ്ങളെ കബളിപ്പിച്ച് വലതുവിങ്ങില്‍ നിന്നും ഇന്നിലേക്ക് തെന്നിമാറി ഇടങ്കാലു കൊണ്ട് തൊടുത്തുവിട്ട ലോങ് റേഞ്ചര്‍. പോസ്റ്റിന്റെ ഇടത്തേമൂലയിലൂടെ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍ വിശ്രമിച്ചു. ബ്ലാസ്റ്റേഴ്‌സ് 2- പൂണെ 1. സ്വപ്‌നതുല്യമായ വിജയവുമായി വിനീതിന്റെ ചിറകിലേറി ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യതകള്‍ നിലനിര്‍ത്തി. ഫെബ്രുവരി എട്ടിന് കൊല്‍ക്കത്തയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top