Bollywood

കഷ്ടകാലം ഒഴിയുന്നില്ല ; പത്മാവതിയെ കാത്തിരിക്കുന്നത് 80 കോടിയുടെ നഷ്ടം !

ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പദ്മാവതിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി കിട്ടിയത്. ദീപികയും രണ്‍വീര്‍ സിംഗും പ്രധാന വേഷത്തിലെത്തുന്ന ഈ സഞ്ജയ് ലീല ബന്‍സാലി ചിത്രം ചരിത്രത്തിന്റെ വളച്ചൊടിക്കലാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വവാദികളില്‍ നിന്നും വലിയ പ്രതിഷേധം നേരിടേണ്ടി വന്നത്. നിരോധനങ്ങളും പ്രതിഷേധങ്ങളും അവസാനിക്കാതിരുന്നപ്പോള്‍ ചിത്രത്തിന്റെ സെന്‍സറിംഗിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ഒടുവില്‍ പത്മാവതിയെ പത്മാവത് എന്നാക്കിയാല്‍ ചിത്രത്തിന്റെ റിലീസിംഗ് അനുവദിക്കാം എന്ന തീരുമാനത്തിലെത്തി. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത് എന്നാല്‍ ഇപ്പോഴും പത്മാവതിയുടെ മോശംകാലം തീര്‍ന്നിട്ടില്ല എന്നാണ് സൂചനകള്‍.

യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എങ്കിലും സംസ്ഥാനത്ത് പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ‘റാണി പദ്മിനിയുടെ ത്യാഗം ബഹുമാനത്തിന്റേയും അഹങ്കാരത്തിന്റേയും കാര്യമാണ്. ചരിത്ര പുസ്തകത്തിലെ വെറുമൊരു അധ്യായമല്ല, സംസ്ഥാനത്തിന്റെ മാന്യതയും അഭിമാനവുമാണ് റാണി പത്മിനി. ആ മാന്യതയെ കളങ്കപ്പെടുത്താനോ അപകീര്‍ത്തിപ്പെടുത്താനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ചിത്രത്തിന് തുടക്കം മുതല്‍ കിട്ടിയ ഹൈപ്പും രണ്‍വീര്‍- ദീപിക- ഷാഹിദ് കപൂര്‍ താരമൂല്യവും ചുരുങ്ങിയത് ഇരുന്നൂറു കോടിയുടെ ബോക്‌സ് ഓഫീസ് വിജയം പത്മാവതിന് നേടിക്കൊടുക്കേണ്ടതാണ്. എന്നാല്‍ രാജസ്ഥാന്‍ കൂടാതെ 2018 ഡിസംബറില്‍ ചിത്രത്തിന്റെ റിലീസിംഗ് ആദ്യം തീരുമാനിച്ചപ്പോള്‍ തന്നെ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു. ഇത് ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. രാജസ്ഥാനില്‍ നിന്നും 12 കോടി, ഉത്തര്‍ പ്രദേശില്‍ നിന്നും 25-30 കോടി, പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമായി 25-30 കോടി, മധ്യപ്രദേശില്‍ നിന്നും 10 കോടി, ബിഹാറില്‍ നിന്നും 5 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ പ്രതീക്ഷിത വരുമാനം. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാറിന്റെ പാത ഈ സംസ്ഥാനങ്ങളും പിന്തുടര്‍ന്നാല്‍ 75-80 കോടിയോളം രൂപയുടെ നഷ്ടമാകും പത്മാവതിനെ കാത്തിരിക്കുന്നതെന്ന് ബിസിനസ് അനലിസ്റ്റ് ഗിരിഷ് ജോഹര്‍ പറയുന്നു. മറ്റൊരു അനലിസ്റ്റ് അമദ് മെഹ്‌റയും ഇതേ ആശങ്കയാണ് പങ്കുവയ്ക്കുന്നത്. 30-35 ശതമാനത്തിന്‌റെ നഷ്ടം പത്മാവതിന് ഉണ്ടാകുമെന്നാണ് മെഹ്‌റയുടെ കണക്കുകൂട്ടല്‍. ചിലപ്പോള്‍ ഇത് 40ശതമാനത്തോളമാകാമെന്നും അമദ് മെഹറ പറയുന്നു.

എന്നാല്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ നേരമായിട്ടില്ലെന്നാണ് പ്രമുഖ നിരൂപകനും സിനിമ ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെടുന്നത്. സിനിമ എവിടെയൊക്കെ റിലീസ് ചെയ്യും, എവിടെയൊക്കെ സിനിമയ്ക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും എന്നതൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ. ചിത്രത്തിന്റെ റിലീസിംഗിനായി ഇനിയും 16 ദിവസങ്ങള്‍ കാത്തിരിക്കണം. അതിനുമുമ്പ് തന്നെ ചിത്രം സാമ്പത്തിക പരാജയം നേരിടുമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും തരണ്‍ ആദര്‍ശ് പറയുന്നു.

വിവിധ സംസ്ഥാനങ്ങളുടെ നിരോധനവും ഹിന്ദുത്വ സംഘടനകളില്‍ നിന്നും നേരിടുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളും മാത്രമല്ല പത്മാവതിക്ക് മുന്നിലുള്ള കടമ്പകള്‍. പത്മാവതിയുടെ റിലീസിംഗ് ദിവസമായ ജനുവരി 25നാണ് വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന അക്ഷയ് കുമാര്‍ ചിത്രമായ പത്മന്‍ റിലീസ് ചെയ്യുന്നതും. ചിത്രത്തിന്റെ പേരുകള്‍ തമ്മിലുള്ള സാദൃശ്യം രണ്ട് ചിത്രങ്ങളുടെയും വിപണിയെ ബാധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top