Home app

ജ്ഞാനപീഠ പുരസ്‌കാരം വിഖ്യാതഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം വിഖ്യാതഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് സാഹിത്യ മേഖലയിലെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ഫെലോഷിപ്പും മടക്കിയ എഴുത്തുകാരിയാണ് തൊണ്ണൂറ്റിമൂന്നുകാരിയായ കൃഷ്ണ സോബ്തി. ജീവിതത്തിലെ വെല്ലുവിളികള്‍ സധൈര്യം നേരിടുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്.

ഹിന്ദി, ഉര്‍ദു, പഞ്ചാബി സംസ്‌കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര. ഹിന്ദിസാഹിത്യത്തെ പരിപോഷിപ്പിച്ച സംഭാവനകളാണ് സോബ്തിയിലൂടെ ലഭ്യമായിട്ടുള്ളതെന്ന് പ്രശസ്ത വിമര്‍ശകന്‍ നാംവര്‍ സിങ്് അധ്യക്ഷനായ പുരസ്‌കാരനിര്‍ണയ സമിതി വിലയിരുത്തി. വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷികബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷികമൂല്യങ്ങളും ആവിഷ്‌കരിക്കുന്നതാണ് രചനകള്‍.

ദര്‍വാരി, മിത്രമസാനി, മനന്‍ കി മാന്‍, പഹദ്, ഗുജറാത്ത് പാകിസ്ഥാന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍, ദില്‍- ഒ- ദാനിഷ്, സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. രചനകള്‍ ഇംഗ്‌ളീഷ്, റഷ്യന്‍, സ്വീഡിഷ് ഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി അക്കാദമി അവാര്‍ഡുകള്‍, മൈഥിലിശരണ്‍ ഗുപ്ത സമ്മാന്‍, കഥാചൂഡാമണി, ശിരോമണി പുരസ്‌കാരങ്ങള്‍, സാഹിത്യ അക്കാദമി ഫെലോഷിപ്പുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി. 2010ല്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായെങ്കിലും എഴുത്തുകാര്‍ അധികാരകേന്ദ്രങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പ്രസ്താവിച്ച് പുരസ്‌കാരം നിഷേധിക്കുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top