Home app

ചവറ കെ എം എം എല്‍ ദുരന്തം: എ ഡി എം അന്വേഷണം ആരംഭിച്ചു

കെ.എം.എം.എല്ലില്‍ പാലം തകര്‍ന്നു മൂന്ന് സ്ത്രീ ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ എ.ഡി.എം അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ കമ്പിനിയിലെത്തിയ എ.ഡി.എം കെ.ആര്‍.മണികണ്ഠന്‍ വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ കളക്ടര്‍ മുഖേന സര്‍ക്കാരിന് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി നടത്തുന്ന അന്വേഷണത്തിന് മുന്നോടിയായിട്ടാണ് എ.ഡി.എം വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനിടെ കമ്പനിയുടെ സാങ്കേതിക വിഭാഗവും അന്വേഷണം നടത്തും. ജീവനക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ കമ്പനിയുടെ ഉന്നത മാനേജ്മെന്റ് യോഗം ചേര്‍ന്നു അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജയകൃഷ്ണന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എം.എസ് യൂണിറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി. പാലം തകര്‍ന്ന സ്ഥലത്ത് ചങ്ങാടത്തിന്റെ സേവനം ലഭ്യമാണ്. കൂടാതെ എം.എസ് യൂണിറ്റിലേക്ക് എത്താന്‍ കോവില്‍ത്തോട്ടം ഭാഗത്ത് ടി.എസ് കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പടിക്കെട്ടുകളോടു കൂടിയ നടപ്പാലവും ഉപയോഗിക്കുന്നുണ്ട്. പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഉടന്‍ കരാര്‍ നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ചവറ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top