ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. കുടുംബവഴക്കുകള്‍ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
രാഷ്ട്രീയ കൊലക്കേസുകളില്‍ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.