ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കേരള യാത്ര ആട് ഇല കടിക്കുന്നത് പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത്. അത് ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണെന്നും കോടിയേരി കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വേങ്ങരക്കാര്യം പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വേങ്ങരയിലെ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യുഡിഎഫ് വരുത്തിവെച്ചതാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. വേങ്ങരയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുകയെന്നും ഇതില്‍ ലീഗിന് കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നിരിക്കുകയാണ്. ഒരു ഫലപ്രദമായ പ്രതിപക്ഷമാകാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസുമായി യാതൊരുവിധ കൂട്ടുക്കെട്ട് ഉണ്ടാക്കാനും സിപിഎമ്മന് സാധ്യമല്ല. മതത്തിന്റെയും സമുദായത്തിന്റെ പേരില്‍ രൂപീകരിക്കുന്ന ഒരു പാര്‍ട്ടിയുമായി കൂട്ടുക്കെട്ട് വേണ്ടെന്നാണ് സിപിഎം നിലപാട്. വളരെ പ്രതീക്ഷയോടെ രൂപീകരിച്ച പാര്‍ട്ടിയാണ് ബിഡിജെഎസ്. അതുകൊണ്ടാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടിയത്. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അനുസരിക്കുന്ന സംഘടനയ്ക്ക് ഒരിക്കലും ആര്‍എസ്എസുമായി ചേര്‍ന്നു പോകാന്‍ സാധിക്കില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.