തിരുവനന്തപുരം ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി ശ്രീജിത്തിനെയാണ് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാം പ്രതി അനന്തുവിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
ഈ മാസം പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ രണ്ട് യുവാക്കളെ ചോദ്യം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറും പാചകത്തൊഴിലാളിയുമായ ആറ്റിങ്ങല്‍ മുടപുരം സ്വദേശി സുധീറിനെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആരും പരാതി നല്‍കിയിരുന്നില്ല. ഇരുകക്ഷികളും കേസ് ഒത്തുതീര്പ്പാക്കിയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. കഴിഞ്ഞദിവസം മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സുധീറിനെ മര്‍ദ്ദിച്ച അനന്തുവിനെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് രണ്ടാം പ്രതി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.