Home app

ആര്‍സിസിയില്‍ എച്ച്ഐവി ബാധിച്ച കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി; ആര്‍സിസിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

ആര്‍സിസിയില്‍ ചികിത്സക്കിടെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ആര്‍സിസിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആര്‍സിസിയില്‍ ചികിത്സക്കിടെ ഒമ്പതുവയസുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിലാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിക്ക് പൂര്‍ണ ചികിത്സാ സഹായം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആര്‍സിസിയുടെ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പെണ്‍കുട്ടിയ്ക്ക് കൊടുത്ത രക്തത്തിന്റെ ഘടകങ്ങള്‍ തന്നെ മറ്റ് മൂന്ന് പേര്‍ക്ക് കൊടുക്കാനുള്ള സാധ്യത നില നില്‍ക്കുന്നുവെന്നും അങ്ങനെയെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കുട്ടിയുടെ അച്ഛന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ചപ്പോള്‍ പ്രവേശിപ്പിച്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്താര്‍ബുദം സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും കുട്ടിക്കു രക്തം നല്‍കിയിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആശുപത്രികളിലും ആലപ്പുഴയിലെയും ഹരിപ്പാടിലെയും സ്വകാര്യ ലാബുകളിലും കുട്ടിയുടെ രക്തം പരിശോധിച്ചിരുന്നു. അതുവഴി എച്ച്‌ഐവി ബാധയുണ്ടായോയെന്നും അന്വേഷിക്കുന്നുണ്ട്.

എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയിലെ ചികിത്സാപ്പിഴവു മൂലമല്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആര്‍സിസിയില്‍ മറ്റു രണ്ടുപേര്‍ക്കു കൂടി രോഗം ബാധിച്ചിരിക്കാമെന്ന് സംശയമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top