തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയില്‍ വിദഗ്ദ്ധസംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആര്.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇക്കാര്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജ്,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് , ആര്.സി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് അല്ലാത്ത വിദഗ്ദരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എ.ആര്.ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി,ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.