കോട്ടയം എം.സി റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാഗമ്പടം പാലത്തിന് സമീപം ടിപ്പറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂര്കവല മണ്ഡപത്തില്‍ ജോബി ജോസഫ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആക്ടീവ സ്കൂട്ടറില്‍ നഗരത്തിലേയ്ക്ക് വരികയായിരുന്നു ജോബിന്. നാഗമ്പടം മേല്‍പ്പാലത്തിന് തൊട്ടു മുമ്പുള്ള ഡിവൈഡറിന് സമീപത്ത് വച്ച് ടിപ്പറിനെ മറികടക്കാന്‍ ജോബിന് ശ്രമിക്കുന്നതിനിടെ ടിപ്പര്‍ ജോബിന്റെ ബൈക്കില്‍ തട്ടി.
നിയന്ത്രണം നഷ്ടമായ ബൈക്ക് ടിപ്പറിനു അടിയിലേയ്ക്ക് വീഴുകയായിരുന്നു. മുന്നോട്ടെടുത്ത ടിപ്പറിന്റെ പിന് ചക്രങ്ങള്‍ ജോബിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചു തന്നെ ജോബിന് മരിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. മരിച്ച ജോബിയുടെ ഭാര്യ സീന. മകന് – നാലുവയസുകാരന് ജിയോണ്‍. ജൂണ്‍ 5ന് സമാന രീതിയില്‍ ഇതേ സ്ഥലത്തുണ്ടായ അപകടത്തില്‍ തിരുവഞ്ചൂര്‍ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തിനു സമീപം നട്ടാശേരി കണ്ണന്തൊട്ടിയില് ശ്രീകുമാര്‍ (54) മരിച്ചിരുന്നു.