ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന് ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഴിമതി, കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നിവ ചേര്‍ത്താണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.
ആശുപത്രിയില്‍ ഓക്സിജന്‍ തീര്‍ന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റില്‍നിന്നു പണംമുടക്കി കഫീല്‍ ഖാന് ഓക്സിജന്‍ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ 290 കുട്ടികള്‍ ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചു. ഇതില്‍ ഏകദേശം 77 കുട്ടികള്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നാണ് മരിച്ചത്. വിവിധ കാരണങ്ങളാല്‍ 2017ല്‍ ഇതുവരെ 1,250 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്.