കോളേജില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങിപ്പോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ മേല്‍ ഒരു യുവാവ് ചാണകവെള്ളം ഒഴിച്ചു. തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ബുധനാഴ്ച രാവിലെ 9.10ന് തൃപ്പൂണിത്തുറ ഗവ. പാലസ് സ്കൂളിനു മുന്‍വശത്തുവച്ച് തൃപ്പൂണിത്തുറ സ്വദേശിനിയയായ വിദ്യാര്‍ഥിനിയുടെ ദേഹത്ത് യുവാവ് വെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ വൈക്കം സ്വദേശി ആഷിക് (19) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ എസ്.ഐ. എസ്. സനല്‍ അറിയിച്ചു. പ്രേമ നൈരാശ്യമാണ് യുവാവ് ഈ ക്രൂരത ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി പുതിയ സെറ്റ് സാരിയൊക്കെയുടുത്ത് ഒരുങ്ങി, നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ തലവഴി യുവാവ് കൈയില്‍ കരുതിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ചാണകവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടി വരുന്നതുംകാത്ത് യുവാവ് റോഡരികില്‍ കാത്തുനില്ക്കുകയായിരുന്നു. ഇയാള്‍ തടഞ്ഞ് മലിനജലം ഒഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് വാവിട്ട് കരഞ്ഞു. ബൈക്ക് യാത്രികരടക്കം ഓടിക്കൂടി. പെണ്‍കുട്ടിയെ ഉടന്‍ പാലസ് സ്കൂളിലേക്ക് മാറ്റി. യുവാവിനെ പോലീസെത്തി കൊണ്ടുപോകുകയായിരുന്നു.