നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വിവാദമായ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുമാറ്റാന്‍ ഉത്തരവ്. പത്ത് ദിവസത്തിനകം റോപ് വേ പൊളിച്ചുമാറ്റണമെന്നാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്. സ്ഥലമുടമയും പി.വി.അന്‍വറിന്റെ ഭാര്യാപിതാവുമായ സി.കെ.അബ്ദുള്‍ ലത്തീഫിനാണ് അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയിലുള്ള ഭൂമിയിലാണ് റോപ് വേ. എംഎല്‍എയുടെ പേരില്‍ വില്പന കരാര്‍ എഴുതിയശേഷം നീര്ചോല തടഞ്ഞ് ഭൂമിയില്‍ തടയണ നിര്‍മിച്ചതായി വില്ലേജ് ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ഡിഎഫ്ഒ, കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് കലക്ടര്‍ തടയണ നിര്‍മാണം തടഞ്ഞു.
അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ റസ്റ്ററന്റ് ആന്‍ഡ് ലോഡ്ജ് കെട്ടിടം നിര്‍മിക്കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്നു നേടിയ അനുമതിയുടെ മറവിലാണ് റോപ് വേ നിര്‍മിച്ചതെന്നാണ് ആരോപണം. തടയണ പൊളിച്ചുമാറ്റാന്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് കലക്ടര്‍, മഞ്ചേരി ചെറുകിട ജലസേചന വകുപ്പിനു നിര്‍ദേശം നല്കി. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ വിചാരണ നടത്തിയെങ്കിലും എംഎല്‍എയും അബ്ദുല്‍ ലത്തീഫും ഹാജരായില്ല. അഭിഭാഷകരുടെ അഭ്യര്‍ഥനപ്രകാരം ഹാജരാകാന്‍ 10 ദിവസത്തെ സാവകാശം നല്കി.