പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാമിന് സമീപം ഡാം പൊളിച്ച് നീക്കിയാല്‍ പാര്‍ക്കിലേക്ക് വെള്ളം എത്തിക്കാന്‍ മറ്റൊരു ഡാം കൂടി അനധികൃതമായി നിര്‍മിച്ചതായി പരാതി. വനത്തിലെ ജലം തന്നെയാണ് ഡാമിലേക്ക് കടത്തുന്നത്. ഇതിന് വനം വകുപ്പിന്റെയോ മറ്റൊ അനുമതിയുമില്ല. ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ദുരന്ത സാധ്യതാ മേഖലയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ദുരന്ത നിവാരണ വകുപ്പ് 2016ല്‍ നിര്‍ദേശം പുറത്തിറക്കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. മഴക്കുഴി പോലും കുത്താന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ചു.തന്റെ വാട്ടര്‍തീം പാര്‍ക്കും പരിസരവും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും, അതിന്റെ നിര്‍മാണവും നടത്തിപ്പും നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലാണെന്നുമായിരുന്നു അന്‍വറിന്റെ വിശദീകരണം. ഇതിനു പുറമെ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതും പരാതി നല്കിയിരിക്കുന്നതും മുന്‍മന്ത്രി ആര്യാടന് മുഹമ്മദിന്റെ ബിനാമിയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടുണ്ട്.