പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയുടെ കൈ യുവാവ് വെട്ടിയെടുത്തു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അക്രമി അവളെ തള്ളിവീഴ്ത്തി വാളുകൊണ്ട് വലതുകൈ വെട്ടുകയായിരുന്നു. സംഭവത്തില്‍ 19 കാരനായ രോഹിത്തിനെ ജനങ്ങള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ബുധനാഴ്ച മൂന്നു മണിയോടെ ചന്തയിലെത്തിയ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഇയാള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങാത്തതില്‍ കുപിതനായ ഇയാള്‍ വെല്‍ഡിങ് കടയില്‍ നിന്ന് വാളെടുത്ത് പിറകെ കൂടുകയായിരുന്നു. ജനതിരക്കേറിയ സ്ഥലത്തേക്ക് ഓടിയ പെണ്‍കുട്ടിയെ തള്ളിയിട്ട അക്രമി വാളുകൊണ്ട് വലതുകൈ വെട്ടിമാറ്റി. സംഭവമറിയാതെ തരിച്ചുനിന്ന ജനക്കൂട്ടം അക്രമി വീണ്ടും പെണ്‍കുട്ടിയെ വെട്ടുന്നതിന് മുമ്പ് കൂട്ടംചേര്‍ന്ന് മര്‍ദിച്ച് കീഴടക്കി.പെണ്‍കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും രക്തം ഏറെ വാര്‍ന്നു പോയിരുന്നതിനാല്‍ ലക്നോവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
കുറെ നാളായി രോഹിത്തിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരാകരിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇതേ കുറിച്ച് പരാതി പറയുകയും ചെയ്തിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.