Home app

തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ; പി.വി.അന്‍വര്‍ എംഎല്‍എ

കക്കാടംപൊയിലില്‍ തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പൂക്കോട്ടുംപാറയിലെ ഒരു കുടുംബത്തിന്റെ ഭൂമിത്തര്‍ക്കത്തില്‍ ഇടപെട്ടതാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കാരണം.
മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തില്‍ മറ്റൊരു കുടുംബം അവകാശം ഉന്നയിച്ചിരുന്നു. ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടതാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

‘തന്നെ കൈയ്യേറ്റക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കരിവാരിത്തേക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് യുഡിഎഫ് ക്യാമ്പില്‍ നിന്നാണ് സഹായം ലഭിക്കുന്നത്. കക്കാടംപൊയിലില്‍ പാര്‍ക്ക് ആരംഭിച്ചത് ആ നാടിന്റെ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം നിയമസഭയില്‍ പറഞ്ഞതിനെ വളച്ചൊടിച്ച് തന്നെ അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എനിക്ക് പാര്‍ക്കിന് അനുമതി ലഭിച്ചത് എംഎല്‍എ ആകുന്നതിന് മുന്‍പാണ്. സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് 46000 ല്‍പരം വോട്ട് നേടിയ ആളാണ് ഞാന്‍. കഴിഞ്ഞ തവണയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായത്. ഇത്ര കാലവും ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചാണ് പൊതുസമ്മതിയുള്ള നേതാവായത്. പലവഴിക്ക് തന്നെ അഴിമതിക്കാരനും അക്രമിയുമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നില്‍ മുരുകേശ് നരേന്ദ്രനും സംഘവും ആണ്. ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം തന്നെ കളവാണ്.’ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍സും ഭൂമി സംബന്ധമായ രേഖകളും ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദിനും അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനും പങ്കുണ്ട്. തനിക്കെതിരായ പരാതികളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി മുരുകേശ് നരേന്ദ്രന്‍ നേരത്തെ ഹൈക്കോടതിയെ അടക്കം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്” എന്നും പി.വി.അന്‍വര്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top