ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പി.യു ചിത്ര പ്രതിഷേധ സൂചകമായി തിരുവനന്തപുരത്ത് കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ലോക അത്ലറ്റിക് 1500 മീറ്റര്‍ ഫൈനല്‍ നടക്കുന്ന ഇന്ന് പി യു ചിത്ര പ്രതിഷേധ സൂചകമായാണ് കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നത്. പിയു ചിത്ര കായിക മന്ത്രി എ സി മൊയ്തീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തനിക്കിപ്പോള്‍ ഒരു ജോലിയാണ് പ്രധാന ആവശ്യമെന്നും പി യു ചിത്ര കായിക മന്ത്രിയെ അറിയിച്ചു.
ചിത്ര പങ്കെടുക്കേണ്ടിയിരുന്ന 1500 മീറ്റ് ഫൈനല്‍ നടക്കുന്നത് ഇന്നാണ്. ഇതില്‍ പ്രതിഷേധ സൂചകമായാണ് തലസ്ഥാനത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. കൂട്ടയോട്ടത്തിന് ശേഷമുള്ള സമ്മേളന വേദിയില്‍ തനിക്ക് മന്ത്രിമാരോട് ചില ആവശ്യങ്ങള്‍ പറയാനുണ്ടെന്നും ചിത്ര വ്യക്തമാക്കി.
ചിത്രയ്ക്ക് പരിശീലനത്തിന് പ്രതിമാസം പതിനായിരം രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് കൂടാതെ ചിത്രക്ക് പ്രതിദിനം അഞ്ഞൂറ് രൂപ സപെഷ്യല്‍ അലവന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കായിക താരങ്ങള്‍ക്കുള്ള എല്‍ഐസി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം നല്‍കുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തനിയ്ക്ക് ഇനിയുള്ള ആഗ്രഹം ജോലിയാണെന്നും, അത്തരമൊരാവശ്യം കായിക മന്ത്രിയോട് പറഞ്ഞതായും ചിത്ര അന്ന് പ്രതികരിച്ചിരുന്നു. അതിനായി സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ചിത്ര പ്രതികരിച്ചിരുന്നു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി യു ചിത്രയെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഒഴിവാക്കിയതിന് പിന്നാലെ താരത്തിന് എല്ലാ വിധത്തിലുള്ള സഹായങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയുന്നു. കായിക മന്ത്രി എ സി മൊയ്തീനായിരുന്നു ചിത്രക്ക് ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയത്.