നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി ലഭിക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കേരള ഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ദിലീപിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരാകുക. അഡ്വ. രാംകുമാറായിരുന്നു ദിലീപിനു വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായിരുന്നത്.
നേരത്തേ കേരള ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പ്രൊസിക്യൂഷന് ഇതിനെ എതിര്‍ത്ത് ശക്തമായി വാദിച്ചിരുന്നു. ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി(സുനില്‍രാജ്) ഒളിവിലാണെന്ന വാദമായിരുന്നു പ്രൊസിക്യുഷന് പ്രധാനമായും ഉന്നയിച്ചത്.
അപ്പുണ്ണി പൊലീസില്‍ ഹാജരായ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് ദിലീപിനുള്ളത്. ഇതിന് പുറമേ കേസില്‍ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനായില്ലെന്ന വാദവും പ്രൊസിക്യുഷന് ഉന്നയിച്ചിരുന്നു. എന്നാല്‍ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയും ഇദ്ദേഹത്തിന്റെ ജൂനിയര്‍ രാജു ജോസഫും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ രണ്ടു സാഹചര്യങ്ങളും അനുകൂലമായതിനാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നടന് ദിലീപ്.
നേരത്തേ അങ്കമാലി കോടതിയും പിന്നീട് കേരള ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജില്ല സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.