Latest News

ഇവിടെയെത്തുന്നവർ ഈ ക്ഷേത്രം സന്ദർശിക്കാതെ പോകരുത്, വീഡിയോ പങ്കിട്ട് പ്രീതി സിൻ്റ

വളരെ ആഗ്രഹിച്ച് കാത്തിരുന്നു പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ വിശേഷങ്ങളാണ് നടി പ്രീതി സിൻ്റ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയാണിത്. ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വിഡിയോയാണിത്. ക്ഷേത്രക്കുളവും മണികളും ശില്‍പങ്ങളുമെല്ലാം വിഡിയോയിൽ കാണാം.

ഗുവാഹത്തിയിലേക്ക് പോകാനുള്ള പ്രധാന കാരണം പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിക്കുക എന്നതായിരുന്നവെന്നും വിമാനം മണിക്കൂറുകളോളം വൈകിയിട്ടും രാത്രി മുഴുവൻ ഉണർന്നിരുന്നത് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള കാത്തിരിപ്പായിരുന്നുവെന്നും ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയെന്നും വിഡിയോയ്ക്കൊപ്പം പ്രീതി കുറിച്ചിട്ടുണ്ട്. കൂടാതെ ഗുവാഹട്ടിയില്‍ വരുന്നവര്‍ കാമാഖ്യ സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും പ്രീതി കുറിച്ചു.

നേരത്തെ നടൻ മോഹൻലാൽ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ക്ഷേത്രം സന്ദർശിച്ചതിനെ കുറിച്ച്  പങ്കുവെച്ചത്. കാമാഖ്യയെ കുറിച്ചും അവിടത്തെ ചരിത്രത്തെ കുറിച്ചുമൊക്കെ മോഹൻലാൽ സുദീർഘമാ‍യി തന്നെ എഴുതിയിട്ടുണ്ട്.

ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്ടിക്കുന്നത്. പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ. പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്രയെന്നാണ് താരം പറയുന്നത്.
“ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്. നൂറു നൂറു അർത്ഥങ്ങൾ തന്ത്ര എന്ന ശബ്ദത്തിന് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്റെ അമ്മാവന്റെ (ഗോപിനാഥൻ നായർ ) അടുത്ത് നിന്നാണ്. അന്ന് മുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അർത്ഥം ജീവിച്ചു കാണിച്ചവർ. തിരക്കുള്ള സിനിമാ ജീവിതത്തിനിടയിൽ ഞാനവരെയൊക്കെ അത്‌ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്റെ മാർഗ്ഗത്തിലെ അവധൂതരെന്നും മോഹൻലാൽ കുറിച്ചു. .”

ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്. 

ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. 

കാമാഖ്യയിലെത്താൻ: ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് കാറിലോ ടാക്സിയിലോ എത്താനും ബുദ്ധിമുട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top