സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും സംവിധായകന് ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. മഹേഷ് ബാബുവിന്റെ 28-ാമത്തെ ചിത്രമാണിത്. ‘SSMB28’ എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്.
ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മഹേഷ് ബാബു എത്തുന്നത്. ചിത്രം 2024 ജനുവരി 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കണ്ണാടി വെച്ച് സിഗരറ്റും വലിച്ച് റോഡിലൂടെ നടന്ന് വരുന്ന താരത്തെ പോസ്റ്ററില്‍ കാണാം.
ഹാരിക ആന്‍ഡ് ഹസിന് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്. രാധാകൃഷ്ണന്(ചൈന ബാബു) ആണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷന്‍സിന് പ്രാധാന്യം നല്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്.