Breaking News

സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ചെറുവത്തൂരില്‍ നാളെ ഹര്‍ത്താല്‍

കാസർകോട്:ചെറുവത്തൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. അരുണാചല്‍പ്രദേശിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ അശ്വിനോടുളള ആദരസൂചകമായാണ് ഹര്‍ത്താല്‍.പകല്‍ പതിനൊന്നുമണി വരെയാണ് ഹര്‍ത്താല്‍.

ജവാന്‍ കെവി അശ്വിന്റെ മൃതദേഹം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള, കണ്ണൂര്‍ എഡിഎം കെകെ ദിവാകരന്‍, സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ കെഎം പ്രകാശന്‍, ഇരിട്ടി തഹസില്‍ദാര്‍ സിവി പ്രകാശന്‍ എന്നിവര്‍ ഏറ്റുവാങ്ങി. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം നാളെ രാവിലെ ചെറുവത്തൂര്‍ കിഴക്കേമുറിയിലെത്തിക്കും. നാളെ രാവിലെ 9 മണി മുതല്‍ കിഴക്കേ മുറി പൊതുജനവായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം പതിനൊന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുപറമ്പിൽ സംസ്‌കരിക്കും. 

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് മിഗ്ഗിംഗ് ഗ്രാമത്തില്‍ വെച്ചാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു. അപകടത്തിന് തൊട്ടുമുന്‍പ് കരസേന താവളത്തിലേക്ക് പൈലറ്റ് മേയ്ഡേ സന്ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൈലറ്റും സഹ പൈലറ്റും കോപ്റ്റര്‍ പറത്തുന്നതില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് ഉള്ളവരായിരുന്നു.

കാലാവസ്ഥയും മോശമായിരുന്നില്ല. അതിനാല്‍ സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.ക്രാഫ്റ്റ്സ്മാന്‍ കെവി അശ്വിനെ കൂടാതെ മേജര്‍ വികാസ് ഭാംഭു, മേജര്‍ മുസ്തഫ ബൊഹാറ, ഹവീല്‍ദാര്‍ ബിരേഷ് സിന്‍ഹ, നായിക് രോഹിതശ്വ കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചാമത്തെ സൈനികന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top