COA

പോള്‍ റെൻ്റായി വൻതുക പിരിക്കുന്നു, ആന്ധ്രയിലെ പോലെ കേരളത്തിലും പോള്‍ റെന്‍റ് നിർത്തലാക്കണമെന്ന് സിഒഎ

കൊച്ചി: കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്, പോള്‍ റെന്‍റ് പിരിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയ ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനം കേരളവും മാതൃകയാക്കണമെന്ന് കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ( COA )സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍. കേരളത്തിലടക്കം രാജ്യത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഏറെക്കാലമായി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പോള്‍ റെന്‍റ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍വലിച്ചത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ഇനി മുതല്‍ ആന്ധ്രപ്രദേശില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വൈദ്യുതി പോസ്റ്റുകളില്‍ സൗജന്യമായി കേബിള്‍ വലിക്കാം. കേരളത്തിലും ഇത്തരത്തിലുള്ള തീരുമാനമുണ്ടാകണം.  

വൈ എസ് ജഗന്‍മോഹന്‍ സര്‍ക്കാരിന്‍റെ സുപ്രധാനതീരുമാനത്തെ ഏറെ ആഹ്ളാദത്തോടെയാണ് ആന്ധ്രയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ. വി രാജന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ പോള്‍ റെന്‍റ് പിരിവ് പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് 2018ല്‍ വൈ. എസ് ജഗന്‍മോഹന്‍ റെഡ്ഢി നടത്തിയ പ്രജാ സങ്കല്പ യാത്രയില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഫൈബര്‍നെറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ പി ഗൗതം റെഡ്ഡി പ്രതികരിച്ചിട്ടുണ്ട്. 

അതേസമയം കേരളത്തില്‍ ഇപ്പോഴും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് കെഎസ്ഇബി വന്‍തുക പോള്‍ റെന്‍റ് വകയില്‍ പിരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഓരോ മുനിസിപ്പാലിറ്റിയിലും കെഎസ്ഇബിയുടെ ഓരോ വൈദ്യുത പോസ്റ്റിലും കേബിള്‍ വലിക്കുന്നതിന് 364 രൂപ വീതമാണ് ഈടാക്കുന്നത്. പഞ്ചായത്തില്‍ ഈ തുക 176രൂപയാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനായി കേബിള്‍ വലിക്കുമ്പോള്‍ ഈ പോള്‍ റെന്‍റ് കേരളത്തില്‍ 500 രൂപയ്ക്ക് മുകളിലാവും. 

ജനതയ്ക്ക് വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ വേണ്ടി നല്‍കുന്ന കേബിള്‍ കണക്ഷനുകളുടെ പേരില്‍ പാവപ്പെട്ട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരില്‍ നിന്ന് വലിയ തോതില്‍ സര്‍ക്കാര്‍ നികുതി പിരിക്കുന്നത് ജനാധിപത്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും എതിരാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രജാ സങ്കല്പയാത്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി പോള്‍ റെന്‍റ് പിരിവ് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ആ തീരുമാനം ഇപ്പോള്‍ അങ്ങ് ആന്ധ്രയില്‍ നടപ്പാക്കുമ്പോള്‍, കേരളവും അതേ മാതൃക പിന്തുടരുമോ എന്നാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് കാത്തിരിക്കുന്നതെന്നും സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top