Breaking News

ബസിൽ പൂത്തിരി കത്തിക്കൽ: 36,000 രൂപ പിഴ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ

കൊല്ലം: പെരുമൺ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ വിനോദയാത്ര തുടങ്ങുംമുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകി. മൈസൂരിൽ നിന്നുള്ള ഉല്ലാസയാത്ര കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങവെ രണ്ടു ബസുകൾ പുന്നപ്രയിലും തകഴിയിലുംവച്ച് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ്‌‌ പിടികൂടി. വിവിധ നിയമലംഘനങ്ങൾക്ക് രണ്ടുബസിനുമായി 36,000രൂപ പിഴ ചുമത്തി. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ‘കൊമ്പൻ’എന്ന പേരുള്ള ബസുകൾ.

പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസിലെ ഇലക്ട്രിക്ക് സംവിധാനം ഉപയോഗിച്ച് പൂത്തിരി കത്തിക്കുന്നത്. കഴിഞ്ഞ ദിവസം തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

പൂത്തിരി കത്തിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് മോട്ടോർവാഹന വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. അമ്പലപ്പുഴയിൽവച്ച് ആർടിഒ ഉദ്യോഗസ്ഥരെ കണ്ട് ഒരു ബസ് വഴിതിരിച്ചു വിട്ടെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർനടപടികൾക്കായി ബസുകൾ കൊല്ലം എൻഫോഴ്‌സ്‌മെന്റിന് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.30ന് ബസുകൾ കോളേജിലെത്തി വിദ്യാർഥികളെ ഇറക്കി. ഹൈക്കോടതി നിർദേശപ്രകാരം ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കൊല്ലം എൻഫോഴ്‌സമെന്റ് ആർടിഒ അൻസാരിയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ബിനു കുഞ്ഞുമോൻ, എഎംവിഐമാരായ സിജു, രഥിൻ മോഹൻ എന്നിവരടങ്ങിയ സംഘം കോളേജിലെത്തിയിരുന്നു.

അഞ്ചാലുംമൂട് സിഐ ദേവരാജനും സംഘവും ഒപ്പമുണ്ടായി. ഉദ്യോഗസ്ഥർ ബസുകൾ വിശദമായി പരിശോധിച്ചു. ഡ്രൈവറുടെ മൊഴിരേഖപ്പെടുത്തി. നിയമവിരുദ്ധമായി സ്ഥാപിച്ച ലൈറ്റും സ്‌പീക്കറും ഫിലിമും നീക്കം ചെയ്‌തശേഷം ഒരാഴ്‌ചയ്ക്കകം പത്തനംതിട്ട മോട്ടോർ വെഹിക്കിൾ ഓഫീസിൽ ഹാജരാക്കാൻ നോട്ടീസ് നൽകി. ഡ്രൈവറിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ബുധനാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.”

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top