Breaking News

അച്ഛനോട് കാണിച്ചത് തന്നെയാണ് ഇപ്പോള്‍ തന്നോട് കാണിക്കുന്നത്,ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം, അങ്ങനെയാണ് ആ പടത്തില്‍ നിന്ന് പിന്മാറിയതെന്നും ഷമ്മി തിലകൻ

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ നടന്‍ ഷമ്മി തിലകന്‍. തനിക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമാണ്.തനിക്കെതിരെ അയല്‍പക്കക്കാര്‍ പരാതി പറഞ്ഞുവെന്നത് അസത്യമാണ്. തന്റെ വീടിന് സമീപത്ത് നിയമളെല്ലാം ലംഘിച്ച്‌ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലിലൂടെ നിര്‍മ്മിച്ച കെട്ടിടത്തിനെതിരെയാണ് താന്‍ പരാതി നല്‍കിയത്. താന്‍ പരാതി നല്‍കുന്നതിനു മുൻപേ സര്‍ക്കാര്‍ തന്നെ പൊളിച്ചു കളയണമെന്ന് ഉത്തരവിട്ടിരുന്നു.

പരാതി നല്‍കിയതില്‍ അച്ഛന് എതിരെ വരെ അവര്‍ കോടതിയില്‍ പരാതി ഫയല്‍ ചെയ്തിരുന്നു. തിലകന്‍ കെട്ടിടത്തിലേക്ക് ചാണകം വലിച്ചെറിയുന്നു എന്നായിരുന്നു പരാതി. അന്ന് തനിക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ കളിച്ചത് ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ്. ഇതിനെതിരെ താന്‍ നല്‍കിയ പരാതി അന്വേഷിച്ച ഐപിഎസ് ഓഫീസര്‍ പൊലീസ് റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം തന്റെ കയ്യിലുണ്ട്.

പണ്ട് അച്ഛനോട് കാണിച്ചത് തന്നെയാണ് ഇപ്പോള്‍ തന്നോട് കാണിക്കുന്നത്. പണ്ട് എഴുകോണില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ തിലകനെ ഗുണ്ടകളെ വിട്ട് തല്ലാന്‍ ശ്രമിച്ചു. പത്തനാപുരത്തു വെച്ച്‌ ഗുണ്ടാ ആക്രമണം നടത്തിയ കാര്യം അച്ഛന്‍ പേരെടുത്ത് തന്നെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അമ്മയിലെ അനീതിക്കെതിരെയാണ് താന്‍ പോരാടിയത്. സംഘടനയുടെ മര്യാദയ്ക്കുള്ളില്‍ നിന്നു കൊണ്ടാണ് താന്‍ പരാതി നല്‍കിയിട്ടുള്ളത്.

അമ്മ സംഘടനയെ പരസ്യമായി ഏറ്റവും അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടുള്ളത് ഗണേഷ് കുമാറാണ്. ‘അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍’ എന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. അമ്മയുടെ ഫണ്ട് ഉപയോഗിച്ച്‌ ഗണേഷ് കുമാര്‍ പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വിടുവെച്ചു നല്‍കി. അങ്ങനെ വീടു നിര്‍മ്മിച്ചു നല്‍കണമെങ്കില്‍ അത് എംഎല്‍എ ഫണ്ട് ഉപയോഗിച്ചല്ലേ ചെയ്യേണ്ടത്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരാതിയുമായി എവിടെയും പോയിട്ടില്ല. അച്ഛന്റെയും പൊതുവായ കാര്യങ്ങളിലുമാണ് പരാതി നല്‍കിയത്.

തന്റെ അഡ്വാന്‍സ് തിരികെ നല്‍കിച്ചത് അടക്കം കോംപറ്റീഷന്‍ കമ്മീഷന്റെ വിധി ന്യായത്തില്‍ പറയുന്നുണ്ട്. ആ സംഭവത്തില്‍ ക്രൗണ്‍പ്ലാസയില്‍ വെച്ചു നടന്ന യോഗത്തില്‍ മുകേഷ് എംഎല്‍എ മാപ്പു പറയുകയും ചെയ്തിരുന്നു. അങ്ങനെ സംഭവിച്ചുപോയി എന്ന് മുകേഷ് പറഞ്ഞു. അത്തരം കാര്യങ്ങളൊന്നും താന്‍ വിഷയമായി എടുത്തിട്ടില്ല. അമ്മയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കൈനീട്ടം വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു. വോട്ടെടുപ്പിന് തലേന്ന് 25 പേര്‍ക്ക് കൈനീട്ടം പ്രഖ്യാപിച്ചത് നിയമലംഘനമല്ലേ. ഇങ്ങനെയാണ് ഇവര്‍ കാലാകാലങ്ങളില്‍ അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നത്.

തനിക്കും കൈനീട്ടം തന്നിരുന്നു. എന്നാല്‍ താന്‍ അത് തിരികെ കൊടുത്തു. സംഘടനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ തീരുമാനമാകുന്നതുവരെ തന്നെ ഇതു വാങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് വിശദീകരണ കത്തു സഹിതമാണ് തുക മടക്കിനല്‍കിയത്. പടമില്ലാത്തവര്‍ക്ക് കൈനീട്ടം കൊടുക്കുന്നതെങ്കില്‍, ആദ്യം നല്‍കേണ്ടത് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ആണെന്നും ഷമ്മി തിലകന്‍ പരിഹാസരൂപേണ പറഞ്ഞു. തനിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് തന്റെ വിശദീകരണത്തില്‍ തൃപ്തികരമല്ലാത്തത് എന്താണെന്ന് ഇതുവരെ തന്നോട് വ്യക്തമാക്കിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയും വിനയനും തമ്മിലുള്ള കേസില്‍ കമ്മീഷന്‍ കൊച്ചിയില്‍ വെച്ച്‌ തന്നെയും വിസ്തരിച്ചിരുന്നു. അന്ന് താന്‍ അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല. അമ്മയ്ക്ക് അനുകൂലമായിട്ടാണ് മൊഴി നല്‍കിയിട്ടുള്ളത്. ആ പടത്തില്‍ നീ അഭിനയിക്കരുത്, നിനക്ക് അതു ദോഷമാകുമെന്നും പണം തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടത് അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റും മുകേഷും ചേര്‍ന്നാണ്. അമ്മയില്‍ ഭാരവാഹിയായിരിക്കുന്നവര്‍ മറ്റുസംഘടനകളില്‍ പ്രവര്‍ത്തിക്കരുതെന്നാണ് ബൈലോയില്‍ പറയുന്നത്. എന്നാല്‍ ഗണേഷ് ആത്മയുടെ ആയുഷ്‌കാല പ്രസിഡന്റല്ലേയെന്ന് ഷമ്മി ചോദിച്ചു. അമ്മയില്‍ ജാതീയമായ വേര്‍തിരിവുണ്ട്. തനിക്കെതിരെ ഇനിയും ഇല്ലാത്തതു പറഞ്ഞാല്‍ ഇനി മറുപടി ഇങ്ങനെയാകില്ല. തന്നെ ചൊറിഞ്ഞാല്‍ മാന്തുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top