മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീകരത അറിഞ്ഞതാണ്. കേരളത്തിലും കാറ്റ് ആഞ്ഞടിച്ചിരുന്നു. ഗുജറാത്ത് തീരത്ത് വീശിയ ചുഴലിക്കാറ്റില്‍ 13 പേര് മരിച്ചു. അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബൈയിലും ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്ത മഴ പെയ്തിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ വെള്ളപ്പൊക്കവും മുംബൈയില്‍ മലിനജലം കവിഞ്ഞൊഴുകിയതുമൊക്കെ സോഷ്യല മീഡിയകളിലും നിറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ ടെലിവിഷന്‍ സീരിയല്‍ നടിയായ ദീപിക സിംഗ് ഗോയലിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ദിയ ഔര്‍ ബാതി ഹം’ എന്ന സീരിയലിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ദീപിക സിംഗ് മുംബൈയില്‍ ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് കടപുഴകി വീണ മരങ്ങള്‍ക്കിടയില്‍ നിന്നാണ് ഫോട്ടോ ഷൂട്ട് നടത്തുകയും നൃത്തം ചെയ്യുകയും ചെയ്തത്. മഴയില്‍ കുളിച്ച് പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
‘നിങ്ങള്‍ക്ക് കൊടുങ്കാറ്റിനെ ശാന്തമാക്കാന്‍ കഴിയില്ല, അതിനാല്‍ അതിനായി ശ്രമിക്കാതിരിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് സ്വയം ശാന്തമാകക, പ്രകൃതിയെ വാരിപ്പുണരുക, ഈ മൂകമായ അന്തരീക്ഷം കടന്നു പോകും,” എന്നാണ് ദീപിക ചിത്രങ്ങള്‍ക്ക് അടിക്കുറപ്പായി എഴുതിയിരിക്കുന്നത്.
രണ്ടാമത്തെ പോസ്റ്റില്‍ നടി മഴയില്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ‘ ജീവിതം കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ കാത്തിരിക്കാനുള്ളതല്ല, അത് മഴയില്‍ നൃത്തം ചെയ്യാന്‍ പഠിക്കാനുള്ളതാണ്,” എന്നാണ്.
മൂന്നാമത് മറ്റൊരു പോസ്റ്റ് കൂടി ദീപിക പങ്കുവച്ചു. മരങ്ങള്‍ക്കിടയില്‍ നിന്ന് എടുത്ത ഫോട്ടോയാണിത്. ആദ്യ ഫോട്ടോയില്‍ പിഴുതു വീണ മരങ്ങള്‍ക്കിടയില്‍ നിന്നെടുത്ത ഫോട്ടോഷൂട്ടിനെ ന്യായീകരിക്കുന്ന വിശദീകരണ കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ‘ഈ മരം എന്റെ വീടിന് മുന്നില്‍ വീണതാണ് ആര്‍ക്കും പരിക്കില്ല, ടൗട്ടെ ചുഴലിക്കാറ്റിനെ ഓര്‍ക്കാന്‍ എനിയ്ക്കും രോഹിത്തിനും കുറച്ച് ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞുവെന്നാണ്’ ദീപിക പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ നായികയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ അത്ര മികച്ച സ്വീകാര്യത ലഭിച്ചില്ല. ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ നിരവധിയാളുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയതിന് നിരവധി പേര് നടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഫോട്ടോഷൂട്ടിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലും വൈറലായി.