നാഗ്പൂര്‍: മദ്യം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച ഏഴ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് മരണം. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്പന നിരോധിച്ചിരുന്നു. 30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന പറഞ്ഞുകേട്ടാണ് യുവാക്കള്‍ സാനിറ്റൈസര്‍ പാര്‍ട്ടി നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ പാര്‍ട്ടി കൊണ്ടാടിയത്. സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി.
ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു.
യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.