കൊച്ചി : സംസ്ഥാനത്തെ കേബിൾ ടി.വി.ഓപ്പറേറ്റർമാരുടെ സംരംഭമായ കേരള വിഷൻ ലാൻഡ് ഫോൺ സർവീസ് ആരംഭിക്കുന്നു. കേരള വിഷൻ ബ്രോഡ്ബാൻഡിന് ഒപ്പമാണ് കേരള വിഷൻ വോയ്സ് എന്ന പേരിൽ സ്മാർട്ട് ടെലിഫോണി സർവീസ് ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫിക്സഡ് ഫോണിന്റെ പ്രൗഢിയും മൊബൈൽ ഫോണിന്റെ ഫീച്ചറുകളുമുള്ള ഈ സേവനം വീടിനുള്ളിലെ റേഞ്ച് ഇല്ലായ്മക്ക് പരിഹാരമാകും.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നാളെ നടക്കുന്ന ചടങ്ങിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ സി.വി.വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസ് മുഖ്യാതിഥിയാകും. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ് അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ കെസിസിഎൽ എം ഡി പി.പി .സുരേഷ്കുമാർ,കേരള വിഷൻ ബ്രോഡ്ബാൻഡ് എക്സിക്യുട്ടിവ് ഡയറക്ടർ കെ.ഗോവിന്ദൻ,കെസിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.