കാസര്‍ഗോഡ്: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ളവരുടെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ഏറെക്കുറെ കര്‍ണാടക അടച്ചു. കാസര്‍ഗോഡ് നിന്ന് ചെറുതൂം വലുതുമായ 18 റോഡുകളാണ്. കര്‍ണാടകത്തിലേക്ക് തുറന്നിരുന്നത്. ഇവയില്‍ 5 എണ്ണം ഒഴികെ ബാക്കിയെല്ലാം അടച്ചിരിക്കുകയാണ്.
രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ അനുമതി. ജോലിക്ക് പോകുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ബസ് യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ആര്.ടി.-പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ആര്.ടി.-പി.സി.ആര് സര്‍ട്ടിഫിക്കറ്റ്.
കോവിഡ് നെഗറ്റീവ്സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അതുപയോഗിച്ച് 15 ദിവസം വരെ യാത്ര ചെയ്യാം.
വയനാട് ബാവലി അതിര്‍ത്തിയിലും കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ കര്‍ണാടകയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തടയുന്നുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നില്ല.
അതേസമയം, കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ന്യായീകരിച്ചു. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ സുരക്ഷ നോക്കേണ്ടതുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി.