Breaking News

സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷം വിശ്വാസ്യത ഇല്ലാത്ത ബജറ്റെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല.

അഞ്ചു വര്‍ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എ.പി.എല്‍. കുടുംബങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തിന് തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ നല്കിയത്. ഇടതുസര്‍ക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എ.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചത്.

യു.ഡി.എഫ് ഗവണ്‍മെന്റ് 2013-ല്‍ ഭരണാനുമതി കൊടുത്ത പേട്ട-തൃപ്പൂണിത്തുറ മെട്രോ ലൈന്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് 5 വര്‍ഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഒരിടത്തും എത്തിയിട്ടില്ല.

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് പണി നല്‍കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമില്ല. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ 5 വര്‍ഷം തറവില വര്‍ദ്ധിപ്പിക്കാതെയിരുന്ന ഗവണ്‍മെന്റ് 20 രൂപ മാത്രം കൂട്ടിയത് റബ്ബര്‍ കര്‍ഷകരെ തീര്‍ത്തും നിരാശരാക്കി. റബ്ബറിന്റെ താങ്ങുവില കുറഞ്ഞത് 200 രൂപയാക്കണം. കുടിശ്ശിക ഉടനെ നല്‍കണം. റബ്ബറിന്റെ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ച് യു.ഡി.എഫ്. ഗവണ്‍മെന്റ് ഒരു കിലോ റബ്ബറിന് 70 രൂപ വരെ സബ്‌സിഡി നല്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റബര്‍പാര്‍ക്കും റൈസ് പാര്‍ക്കും ആവര്‍ത്തിച്ചിരിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ 12,000 കോടി മാറ്റിവയ്ക്കുന്നു എന്ന പ്രഖ്യാപനം അമ്പരപ്പിപ്പിക്കുന്നതാണ്. 2016 ആദ്യം റണ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡി.ജി.സി.എ.യുടെ അനുമതിയോടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം സമരം നടത്തിയത്. 5 വര്‍ഷം കഴിഞ്ഞിട്ടും റണ്‍വേയുടെ നീളം ഒരു മീറ്റര്‍പോലും വര്‍ദ്ധിപ്പിക്കുകയോ ഒരു സെന്റ് സ്ഥലം കൂടുതലായി ഏറ്റെടുക്കുകയോ ചെയ്യാത്ത ഗവണ്‍മെന്റ് ഒരു കൂറ്റന്‍ പ്രഖ്യാപനം അവസാനത്തെ ബജറ്റില്‍ നടത്തിയത് ആരും ഗൗരവമായി എടുക്കുകയില്ല.

 

യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് നടപ്പിലാക്കിയ ഓട്ടോണോമസ് കോളേജുകള്‍ക്ക് എതിരെ സി.പി.എം. സമരം ചെയ്യുകയും യു.ജി.സി.യില്‍ നിന്നും എത്തിയവരെ തടയുകയും ചെയ്തത് മറന്നിട്ടാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നതെങ്കിലും സ്വാഗതം ചെയ്യുന്നു. കാലത്തിന്റെ മാറ്റം ഉള്‍കൊണ്ട് പ്രായോഗിക സമീപനം സ്വീകരിക്കുകയും പ്രതിലേച്ഛ ഇല്ലാതെ വിദ്യാഭ്യാസ രംഗത്ത് മികവ് പ്രകടിപ്പിച്ച സ്ഥാപനങ്ങളെ ഗവണ്‍മെന്റ് വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും വേണം.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍, പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാല്‍ കുറ്റം പറയാനാവില്ല.

ആരുമില്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ ദത്തെടുത്ത് കുടുംബശ്രീ വഴി പരിപാലിക്കുന്ന ആശ്രയ പദ്ധതിയെ ഇടതുസര്‍ക്കാര്‍ വിസ്മരിച്ചിരുന്നെങ്കിലും ഈ ബജറ്റില്‍ പരിഗണന നല്കിയതിനെ സ്വാഗതം ചെയ്യുന്നു. എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 2011-16ല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളമൊട്ടാകെ നടപ്പിലാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top