കൊച്ചി:ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. കൊച്ചി സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി യു. വി ജോസ് ഹാജരായത്. സിബിഐ ആവശ്യപ്പെട്ട രേഖകളും യു. വി ജോസ് കരുതിയിട്ടുണ്ട്. രണ്ട് ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തി.
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.