Breaking News

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; പവന് 360 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 4520 രൂപയും പവന് 360 രൂപ വർദ്ധിച്ച് 36,160 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. കഴിഞ്ഞ മാസം 27 ന് രേഖപ്പെടുത്തിയ 35,920 രൂപയാണ് ഇതിന് മുമ്പ് ഉണ്ടായ ഏറ്റവും ഉയർന്ന വില.
മൂന്ന് ദിവസം ഈ വിലയിൽ തുടർന്ന ശേഷം ജൂൺ 30 ന് വിലനേരിയ തോതിൽ കുറഞ്ഞ് 35,800 ലേക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം സ്വർണ വില ഏഴ് തവണയാണ് റെക്കോഡ് തകർത്ത് പുതിയ ഉയരത്തിലെത്തിയത്.
ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് സംസ്ഥാനത്തെ സ്വർണക്കടകൾ സജീവമാകുമ്പോഴാണ് വില വീണ്ടും കുത്തനെ ഉയരുന്നത്. വില ഉയർന്ന് നിൽക്കുന്നതിനാൽ പുതിയ സ്വർണാഭരണത്തിൻറെ വിൽപനയിൽ കാര്യമായ പുരോഗതിയില്ലെങ്കിലും പഴയ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് സ്വർണാഭരണ വ്യാപാരികൾ പറയുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ പവന് 5520 രൂപയാണ് വർദ്ധിച്ചത്. ഈ വർഷം ഇതുവരെ പവന് 7160 രൂപ വർദ്ധിച്ചു. ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതാണ് സംസ്ഥാനത്തും വില വർദ്ധിയ്ക്കുന്നതിന് കാരണം. ആഗോള വിപണയിൽ വില ട്രോയ് ഔൺസിന് 1,784.60 ഡോളറിലെത്തി.
കോവിഡ് 19 വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതിനാൽ ഓഹരി വിപണികളിൽ മോശം പ്രകടനമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷവും അപ്രഖ്യാപിത വ്യാപാര യുദ്ധവും ആഗോള നിക്ഷേപകരിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്ക് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് സ്വർണ വിലയെ പുതിയ റെക്കോഡുകളിലേക്ക് ഉയർത്തുന്നത്.

Gold price in all time record

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top