Latest News

‘കേന്ദ്രമന്ത്രിയായതിനാല്‍ തനിക്ക് ക്വാറന്റൈന്‍ ബാധകമല്ല’: സദാനന്ദ ​ഗൗ‍ഡ

ബംഗളൂരു: വിമാനമാര്‍ഗം കര്‍ണാടകയിലെത്തുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ കേന്ദ്രമന്ത്രി ആയതിനാല്‍ തനിക്ക് ബാധകമല്ലെന്ന് സദാനന്ദ ഗൗഡ. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം ബംഗളൂരുവിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം സ്വകാര്യ കാറില്‍ വീട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്നും അതിനാല്‍ കേന്ദ്രമന്ത്രി ഹോം ക്വാറന്റൈനില്‍ കഴിയുമെന്നും സദാനന്ദ ഗൗഡയുടെ സഹായി മാധ്യമങ്ങളെ അറിയിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയായ തനിക്ക് ക്വാറന്റൈന്‍ നിബന്ധനകള്‍ ബാധകമല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

‘ക്വാറന്റൈന്‍ നിബന്ധനകള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നാല്‍ ചിലര്‍ക്ക് ഇളവുകളുണ്ട്. മന്ത്രിയെന്ന നിലയില്‍ തന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ക്വാറന്റൈനില്‍ പോകാത്തത് ഒരു പ്രശ്‌നമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്’- സദാനന്ദ ഗൗഡ പറഞ്ഞു.

ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്റെ തലവനെന്ന നിലയില്‍ രാജ്യത്ത് മരുന്നു ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തേണ്ട ചുമതല തനിക്കാണ്. മരുന്നു ക്ഷാമം ഉണ്ടായാല്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകും. കോവിഡ് 19 നെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടര്‍മാരുടെ കാര്യം ആലോചിച്ചു നോക്കൂ. അവരെ ആരെങ്കിലും ക്വാറന്റൈന്‍ ചെയ്യുന്നുണ്ടോ? അതുപോലെ തന്നെ രാജ്യം മുഴുവന്‍ മരുന്നെത്തിക്കേണ്ട ചുമതല തനിക്കാണ്. മരുന്നെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്താന്‍ കോറോണ വൈറസിനെതിരായ പോരാട്ടം നാം എങ്ങനെ നടത്തുമെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top