അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന 67 കാരന്റെ മൃതദേഹം ബസ്സ്റ്റാന്‍ഡില്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന് സമീപം ബിആര്‍ടിഎസ് സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്.
കോവിഡ് ലക്ഷണങ്ങളുമായി മേയ് 10നാണ് ഇദ്ദേഹത്തെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചു. മേയ് 15ന് മൃതദേഹം സ്റ്റാന്‍ഡില്‍ കണ്ടെത്തിയതായി പൊലീസ് ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി ക്വിന്റി’നോട് മകന് പറഞ്ഞു.
അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് കുടുംബാംഗങ്ങളാണ് പിതാവിന്റെ ശവസംസ്കാരം നടത്തിയതെന്ന് മകന് പറഞ്ഞു.
അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാല്‍ ഇദ്ദേഹത്തെ മേയ് 14ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നതായി അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ ഡോ. എം.എം. പ്രഭാകര്‍ പറഞ്ഞു. ‘രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്. സര്‍ക്കാറിെന്റ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ അദ്ദേഹം ആരോഗ്യവാനായിരുന്നു’ -ഡോക്ടര്‍ പറഞ്ഞു.
ആശുപത്രിയുടെ വാഹനത്തിലാണ് രോഗിയെ കൊണ്ടുപോയത്. വീടിനടുത്ത് എത്തിക്കാന്‍ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഡിസ്ചാര്‍ജ് ചെയ്തതിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക.