ദുബായ്: യുഎഇയില്‍ അന്തരിച്ച വ്യവസായ പ്രമുഖന് ജോയ് അറയ്ക്കലി(54)ന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ദുബായ് ബിസിനസ് ബേയിലെ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ബിസിനസിലുണ്ടായ കടുത്ത സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു ബര് ദുബായ് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സോറൂര്‍ പറഞ്ഞു. എണ്ണ ശുദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്നോവ റിഫൈനറീസ് എന്ന സ്ഥാപനത്തിന്റെ എം.ഡിയായിരുന്ന ജോയിയുടെ മരണം ഈ മാസം 23 നായിരുന്നു.
ഇന്ന് രാത്രി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോവും. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായിരുന്ന ജോയ് യുഎഇയിലെ നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്. ഭാര്യ സെലിന് ജോയ്, മക്കളായ അരുണ്‍ ജോയ്, ആഷ്ലിന് ജോയ് എന്നിവരും എത്തും.