ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രം. ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം തെറ്റിച്ചു. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചു.
കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.
പുസ്തകശാലകളും വര്‍ക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി. കാറില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം മാര്ഗനിര്ദേശങ്ങളിള് വെള്ളം ചേര്‍ത്തെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ ഡല്‍ഹിയില്‍ അതിഥി തൊഴിലാളികള്‍ക്കായി കേജരിവാള്‍ സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയും കേന്ദ്രം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡു ചെയ്യുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് ഇന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
അതേ സമയം മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.