നിസാമബാദ്: വിവാഹപാര്‍ട്ടിക്കിടെ ഡിജെയുടെ ശബ്ദം അതിരുവിട്ടതിനെ തുടര്‍ന്ന് വരന് കുഴഞ്ഞു വീണു മരിച്ചു. ഉയര്‍ന്ന ശബ്ദത്തിലെ ഡിജെ സംഗീതം ഏറെ നേരം കേട്ട വരന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തെലങ്കാനയിലെ നിസാമബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മരണ കാരണം ഹൃദയാഘാതമാണെന്നാണ് സൂചന.
എം ഗണേഷ് എന്ന യുവാവാണ് വിവാഹദിവസം മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഗണേഷിന്റെ വിവാഹം. വൈകുന്നേരം വിവാഹ ഘോഷയാത്രയ്ക്കിടയില്‍ ദമ്പതികള്‍ നൃത്തം ചെയ്തിരുന്നു. ബന്ധുക്കള്‍ കൂടി നൃത്തം വയ്ക്കാന്‍ തുടങ്ങിയതോടെ ഡിജെയുടെ ശബ്ദം വര്‍ധിപ്പിച്ചിരുന്നു. ദേഹാസ്വസ്ഥ്യം നേരിട്ട ഗണേഷ് കാറില്‍ പോയിരുന്നു. അല്പ സമയത്തിന് ശേഷം ഗണേഷ് വീണ്ടും ബന്ധുക്കള്‍ക്കൊപ്പം തിരികെയെത്തി നൃത്തം വയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ഗണേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.