Kerala

മമ്മൂട്ടി, ശോഭനയടക്കം പത്മ പുരസ്‌കാരങ്ങൾക്കായി കേരളം സമർപ്പിച്ചത് 56 പേരുടെ പട്ടിക

പത്മ പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ കേരളം നല്‍കിയ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 56 പേരുടെ പട്ടികയായിരുന്നു കേരളം പത്മ അവാര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ഇതില്‍ ഒന്ന് പോലും പരിഗണിക്കാതെയാണ് കേന്ദ്രം പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എംടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, ശോഭന, മധു, സുഗതകുമാരി, റസൂല്‍പൂക്കുട്ടി എന്നിവര്‍ അടക്കമുള്ള പ്രമുഖരുടെ പട്ടിക അവഗണിച്ചാണ് കേന്ദ്രം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി എംടി വാസുദേവന്‍ നായരുടെ പേരും പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മറ്റ് എട്ട് പേരുകളുമാണ് കേരളം ശുപാര്‍ശ ചെയ്തത്. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല) എന്നിവരെയാണ് പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി കേരളം ശുപാര്‍ശ ചെയ്തത്. പത്മശ്രീ പുരസ്‌കാരത്തിനായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിംഗ്), കെപിഎസി. ലളിത (സിനിമ), എംഎന്‍ കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ്
സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), ഡോ വിപി ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി ജയചന്ദ്രന്‍ (സംഗീതം), ഐഎം വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എംകെ സാനു (സാഹിത്യം) തുടങ്ങിയവരടക്കമുള്ള പട്ടികയാണ് കേരളം ശുപാര്‍ശ ചെയ്തത്.
പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുക. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാല് മുതല്‍ ആറുവരെ അംഗങ്ങളും ഉള്‍പ്പെട്ടതാണ് പത്മ അവാര്‍ഡ് കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളിലെ ശുപാര്‍ശകള്‍ ഒന്നിച്ച് ചേര്‍ത്ത് പരിശോധിച്ച് ചില പേരുകള്‍ തെരഞ്ഞെടുത്ത് ഇവര്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് ചെയ്യുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top