ആലുവ: ഓടക്കാലി പള്ളിതര്‍ക്കത്തില്‍ ഫെബ്രുവരി മൂന്നിനകം സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് എറണാകുളം ജില്ലാ കോടതി. ആലുവ റൂറല്‍ എസ്പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വിധി നടപ്പിലാക്കാന്‍ ഒറ്റ അവസരംകൂടിയേ നല്‍കൂവെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കാനെത്തിയ പൊലീസ് ഇന്നലെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.പിയെ ജില്ലാ കോടതി വിളിച്ചു വരുത്തിയത്.
പെരുമ്പാവൂര്‍ ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. വിശ്വാസികള്‍ തടഞ്ഞതിനെ തുടർന്ന് പള്ളിയുടെ പ്രധാന ഗേറ്റ് തകർത്താണ് പൊലീസ് പള്ളി അങ്കണത്തിൽ പ്രവേശിച്ചത്. ഇത് നേരിയ സംഘർഷത്തിനും കാരണമാക്കിയിരുന്നു.