COA

കോര്‍പ്പറേറ്റുകള്‍ ദ്വിമുഖതന്ത്രം പയറ്റി ടെലികോം സേവനദാതാക്കളെയും കേബിള്‍ ടിവി വ്യവസായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു: കെ വി രാജന്‍

കോഴിക്കോട്: കുത്തക കമ്പനികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സമര്‍ത്ഥമായി എങ്ങനെ വിനിയോഗിക്കുന്നുവെന്നതിന് തെളിവാണ് ട്രായിയുടെ അടുത്തകാലത്തെ ചില തീരുമാനങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍. കേബിള്‍ ടിവി മേഖല വളരെ സങ്കീര്‍ണ്ണമായ രീതിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഒഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഓപ്പറേറ്റര്‍മാരുടെ സംഘടന അതിന്റെ ദീര്‍ഘവീക്ഷണവും കെട്ടുറപ്പുമെല്ലാം കൊണ്ട് വലിയപ്രതിസന്ധികളെ അതിജീവിച്ചവരാണ്. ഇനി അതിന് കഴിയുമോയെന്ന ആശങ്ക ഇപ്പോള്‍ നിലനില്‍ക്കുന്നു. കുത്തക കമ്പനികളെയും അവരുടെ മൂലധനത്തെയും ജനകീയ ശക്തികൊണ്ടും സംഘടനാശക്തി കൊണ്ടും നേരിട്ട സംഘടനയാണ് സിഒഎ. എന്നാല്‍ ഇന്ന് നേരിടേണ്ടത് വലിയ കോര്‍പ്പറേറ്റുകളെയാണ്. ആസൂത്രിതമായ ദ്വിമുഖതന്ത്രം പയറ്റി ടെലികോം സേവനദാതാക്കളെയും കേബിള്‍ ടിവി വ്യവസായത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ വി രാജന്‍ പറഞ്ഞു. മിതമായ നിരക്കില്‍ ബ്രോഡ്ബാന്റ് സംവിധാനമുള്‍പ്പെടെ നല്‍കാന്‍ കഴിയുന്ന ഏകസംഘടന ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതിനിധി സമ്മേളനത്തില്‍ സിഒഎ ജില്ലാ സെക്രട്ടറി പി അഫ്‌സല്‍ ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഒഎ ജില്ലാ ട്രഷറര്‍ സുധീഷ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നിസാര്‍ കോയാപറമ്പില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും അതിന്മേല്‍ മറുപടിയും ഉണ്ടായി.  സിഒഎ സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ്, സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി ഗോപകുമാര്‍, സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top