Business

കള്ളന്‍മാരെ കുടുക്കാന്‍ സിഐഎംഎസ്; രാജ്യത്ത് ആദ്യമായി കൊച്ചി ജോസ്‌കോ ജ്വല്ലറിയില്‍ വിജയകരമായി പരീക്ഷിച്ചു

കൊച്ചി: വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ, ജ്വല്ലറികളിലോ മോഷ്ടാക്കളോ, അക്രമികളോ അതിക്രമിച്ചു കയറിയാല്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം ( സിഐഎംഎസ്) എറണാകുളം ജോസ്‌കോ ജ്വല്ലറിയില്‍ വിജയകരമായി പരീക്ഷിച്ചു. ജില്ലാ കലക്ടര്‍ എസ് സുഹാസ്, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സി ഐഎംഎസിന്റെ തത്സമയ പരീക്ഷണം നടത്തിയത്. ജ്വല്ലറിക്കകത്തെ പാനിക്ക് ബട്ടണ്‍ കലക്ടര്‍ അമര്‍ത്തിയതോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുകയും ഒരു മിനിറ്റിനകം പോലീസ് ജ്വല്ലറിയിലെത്തുകയും ചെയ്തു.



സിഐഎംഎസ് ഉള്ള സ്ഥലങ്ങളില്‍ മോഷണമോ അക്രമമോ നടന്നാല്‍ 3 മുതല്‍ 7 സെക്കന്റിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശവും സംഭവത്തിന്റെ ലൈവ് വീഡിയോയും ലഭിക്കും. ഇവിടെ നിന്ന് ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്കും അപായ സന്ദേശം നല്‍കിയ സ്ഥാപനത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. സിഐഎംഎസ് ഘടിപ്പിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകുകയും ദ്യശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തത്സമയം കൈമാറുകയും ചെയ്യുന്നു. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 3 ഷിഫ്റ്റുകളായിട്ടാണ് പോലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുക.

അലാം ബട്ടണ്‍ തെറ്റായി പ്രവര്‍ത്തിച്ചതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും സിഐഎംഎസിലുണ്ട്. ക്യാമറകള്‍, സെന്‍സറുകള്‍, കണ്‍ട്രോള്‍പാനല്‍ തുടങ്ങിയവയുടെ സഹായത്തോടെ പോലീസിന്റെ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനമാണ് സിഐഎംഎസ്. ദൃശ്യങ്ങള്‍ 3 മാസം വരെ സൂക്ഷിക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. നിരീക്ഷണ സംവിധാനത്തിന് പ്രതിമാസം 500 രൂപയാണ് ചിലവ്. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാനാവുന്ന ഫേസ് റെക്കഗനീഷന്‍ ക്യാമറ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ആദ്യമായി കേരളത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തയാഴ്ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കെല്‍ട്രോണുമായി സഹകരിച്ചാണ് സുരക്ഷാ ഭീഷണിയുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top