തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഹിറ്റ്ലറെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയില്‍ ആണ് പിണറായി ഇരിക്കുന്നത്. സിപിഐയും സിപിഎമ്മും വിമര്‍ശിക്കുമ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഏഴ് പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഒരു കാലത്തും മാവോയിസ്റ്റുകളെ പിന്തുണച്ചിട്ടില്ല. തീവ്രവാദം തടയാന്‍ ഉള്ള നിയമങ്ങള്‍ എല്ലാം രാജ്യസുരക്ഷക്കു വണ്ടിയുള്ളതാണ്. അതിനെ ദുരുപയോഗം ചെയ്യുന്നതില്‍ ആണ് കോണ്‍ഗ്രസിന് എതിര്‍പ്പ്. ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തിയത് ഇതാദ്യമായാണ്. യുഎപിഎ നിലനില്ക്കും എന്നാണ് ഐജി പറഞ്ഞത്. സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ വരെ പൊലീസിനെ കുറ്റപ്പെടുത്തി. പൊലീസിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ താനോ അല്ല ആഭ്യന്തര മന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.