Breaking News

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

കുന്നംകുളം: സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് രാവിലെ ഒന്‍പതിന് കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം നഗരസഭാ ടൗണ്‍ഹാളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാക ഉയര്‍ത്തി. 9.30-ന് സംസ്ഥാന വ്യവസായ കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ്  മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.

ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയ മേളകളാണ് ശാസ്‌ത്രോത്സവത്തില്‍ അരങ്ങേറുന്നത്. കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരുമ്പിലാവ് ടിവിഎം എച്ച്എസ്എസ്, പന്നിത്തടം കോണ്‍കോര്‍ഡ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം ബഥനി കോണ്‍വെന്റ് ജിഎച്ച്എസ്എസ്, കുന്നംകുളം മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളാണ് വേദികള്‍. 

പ്രവര്‍ത്തിക്കുന്ന മാതൃകകള്‍, നിശ്ചലമാതൃകകള്‍, പ്രൊജക്ട്, ക്വിസ്, മാഗസിന്‍, അധ്യാപന സഹായികള്‍, തത്സമയ നിര്‍മാണ മത്സരം, പ്രാദേശിക ചരിത്ര രചനാമത്സരം, അറ്റ്ലസ് നിര്‍മാണം, ഡിജിറ്റല്‍ പെയിന്റിങ്, വെബ്ഡിസൈനിങ്, അനിമേഷന്‍ തുടങ്ങീ മത്സരങ്ങള്‍ മേളയുടെ ഭാഗമാണ്. കേരള സ്‌പെഷ്യല്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കും. കാഴ്ച, കേള്‍വി പരിമിതം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ഈ മത്സരം. പ്രധാനമായും ആറ് വേദിയിലാണ് ശാസ്ത്രമേള സജ്ജീകരിക്കുന്നത്. ഹരിതനിയമ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാകും മേളകളുടെ സംഘാടനം.

നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് നഗരസഭാ ടൗണ്‍ഹാളില്‍ രമ്യ ഹരിദാസ് എംപി ശാസ്ത്രമേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയാവും. പ്രധാന പന്തല്‍, മന്ത്രി എ സി മൊയ്തീന്‍ ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top