തൃശൂര്‍: പരസ്യ-സിനിമാ സംവിധായകന് വി എ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സിനിമ ചിത്രീകരണത്തിനായി വാഗമണ്ണിലായിരുന്ന മഞ്ജു ഇന്ന് തിരിച്ചെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്.
സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്ന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു . ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നത്.