തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ചാണ് കുട്ടിയെ ഇപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. 600 അടി ആഴമുള്ള കുഴല്‍ കിണറില്‍ 68 അടി താഴ്ചയിലാണ് രണ്ടരവയസ്സുകാരന് സുജിത്ത് കുടുങ്ങി കിടക്കുന്നത്. ഹൈഡ്രോളിക്ക് സംവിധാനത്തിലൂടെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ച് മണിക്കൂറിലേറെയായി തുടരുന്നു.
ഇതും വിജയിച്ചില്ലെങ്കില്‍ സമാന്തരമായി ഒരാള്‍ക്ക് കടന്ന് പോകാവുന്ന വഴി കുഴല്‍ കിണറിന് സമീപം നിര്‍മ്മിക്കും. ഈ തുരങ്കത്തിലൂടെ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥനെ കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് അയച്ച് കുട്ടിയെ എടുത്തുകൊണ്ട് വരും. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരന് കുഴല്‍കിണറിലേക്ക് വീണത്.