കൂടത്തായി: കൂടത്തായി കൂട്ടകൊലപാതകത്തിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി പോലീസിന് മൊഴി നല്കി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ കൊല്ലാന്‍ ആഗ്രഹിച്ചത്. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി മൊഴി നല്കി. രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ നേരത്തെ ജോളി സമ്മതിച്ചിരുന്നു.
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന് ആണ് ജോണ്സണ്. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്സണ് മൊഴി നല്‍കിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ജോണ്‍സണെ കാണാന്‍ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
ജോണ്‍സന്റെ ഭാര്യയെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലര്‍ന്ന ഭക്ഷണം നല്കാന് ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളി പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)