Business

നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കും; കേരളത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി

ദുബായ്:  നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിക്ഷേപക കൗൺസിൽ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച നോൺ റസിഡന്റ് കേരളൈറ്റ്‌സ് എമർജിങ് എന്റർപ്രനേഴ്‌സ് മീറ്റ് (നീം)   സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഉന്നത തല നിക്ഷേപക കൗൺസിൽ രൂപീകരിക്കും. എല്ലാ വിധത്തിലും കേരളം അതിവേഗം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകർ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്‍റിങ്ങ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മറ്റികള്‍ ചേര്‍ന്ന് 48 ശുപാര്‍ശകളാണ് സര്‍ക്കാരിന് കൈമാറിയത്. അവയെ ലോകകേരള സഭയുടെ സെക്രട്ടറിയറ്റ്- നിക്ഷേപം, ക്ഷേമം, നൈപുണ്യം, കലാസാംസ്കാരികം എന്നിങ്ങനെ നാലു മേഖലകളായി തരംതിരിക്കുകയും പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരണം. അതുപ്രകാരം പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ്  ആന്റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ്  നിക്ഷേപകമ്പനി രജിസ്റ്റര്‍ ചെയ്തു. കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെയും
 ബാക്കി 74 ശതമാനം പ്രവാസി മലയാളി വിഹിതവുമാണ്. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍ വഴി പ്രായോഗികമായ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഈ കമ്പനിയെ പ്രയോജനപ്പെടുത്തും.  

കുടുതല്‍ നിക്ഷേപകരും നിക്ഷേപവും കടന്നുവന്നാല്‍ സമസ്ത മേഖലകളിലും കേരളത്തിന് വന്‍ കുതിപ്പ് നടത്താനാകുമെന്നും കേരളത്തിന്റെ അഭിവൃദ്ധിയില്‍ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന പ്രവാസികള്‍ക്കാണ് നിക്ഷേപരംഗത്തുണ്ടായ ആശാവഹമായ മാറ്റം ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയുക. അതുകൊണ്ടുതന്നെ ലോകത്തെങ്ങുമുള്ള നിക്ഷേപകര്‍ക്ക് വഴികാണിച്ചു കൊടുക്കാനും നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   

ദുബായ് എയർപോർട്ട് റോഡിലുള്ള ലെ മെറിഡിയൻ ഹോട്ടലിലെ ദ ഗ്രേറ്റ് ബാൾ റൂമിൽ നടന്ന സംഗമത്തിൽ  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, പി വി അബ്ദുൽ വഹാബ് എം പി , നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ,പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, ഐ ബി പി സി ചെയർമാൻ സുരേഷ് കുമാർ, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനി വൈസ് ചെയർമാൻ ഒ വി മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top