COA

സിഒഎ സംരഭക കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 19ന് എറണാകുളത്ത്;നവസാങ്കേതികവിദ്യയുമായി കേരളവിഷൻ സജ്ജമെന്ന് സിഒഎ


കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 12ാ-മത് സിഒഎ സംരഭക കണ്‍വെന്‍ഷന്‍ 19ാം തീയ്യതി വ്യാഴാഴ്ച്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. സിഒഎയുടെ നിയന്ത്രണത്തിലുള്ള കെസിസിഎല്ലിന്റെ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ്‌ ഈ കണ്‍വെന്‍ഷന്‍. 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ കേബിള്‍ ടിവി ഡിജിറ്റിലൈസേഷനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ വന്‍കിട കമ്പനികളുടെ അധിനിവേശത്തെ ചെറുക്കാനുള്ള ബദല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കെസിസിഎല്ലിന് രൂപം നല്‍കിയത്.

3000-ത്തില്‍പരം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ഓഹരി  പങ്കാളിത്തമുള്ള ഈ കമ്പനി ഇപ്പോള്‍ 25-ലക്ഷം ഡിജിറ്റല്‍ ഉപഭോക്താക്കളും 1 ലക്ഷത്തില്‍പരം ബ്രോഡ്ബാന്റ് വരിക്കാരുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി സിസ്റ്റം ഓപ്പറേറ്ററാണ്. ജിയോ അവകാശപ്പെടുന്ന ജിഗാ ഫൈബര്‍ സര്‍വ്വീസ് കഴിഞ്ഞ 5 വര്‍ഷമായി ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നല്‍കിവരുന്നുണ്ട്. കെസിസിഎല്ലിന്റെ 25ലക്ഷം കേബിള്‍ ടിവി കണക്ഷനുകളില്‍ പകുതിയിലേറെയും FTTH ജിഗാ ഫൈബര്‍ കണക്ഷനുകളാണ്. കെസിസിഎല്‍ ഏറ്റവും മികച്ച ടെക്‌നോളജിയും സേവന നിലവാരവും ഉറപ്പുവരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ മുഖേന സേവനങ്ങള്‍ എത്തിക്കുന്നു.

രാജ്യത്തെ മുഴുവന്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ രംഗവും ബഹുഭൂരിപക്ഷ മാധ്യമങ്ങളും 10ല്‍ താഴെ മാത്രമുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണ്. ചെറുകിട സംരഭങ്ങളെയും BSNL ഉള്‍പ്പെടെയുള്ള പൊതുമേഖലകളെയും തകര്‍ത്തുകൊണ്ട്കുത്തക കമ്പനികളെ ഏകപക്ഷീയമായി സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. കേരളത്തിലെയും സ്ഥിതി ആശാവഹമല്ല.കോര്‍പ്പറേറ്റുകളോട് മൃദു സമീപനവും ചെറുകിട സംരഭകരോട് വിവേചനപരവുമായാണ് സംസ്ഥാന സര്‍ക്കാറും KSEB-യും നിലപാടെടുക്കുന്നത്.

  

ഈയൊരു സാഹചര്യത്തില്‍ വിപുലമായ പദ്ധതികളോടെ കോര്‍പ്പറേറ്റുകളുടെ അധിനിവേശത്തെ നേരിടാനൊരുങ്ങുകയാണ് സിഒഎ. അടുത്ത 1 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ കേബിള്‍ ടിവി ഉപഭോക്താക്കളുടെ എണ്ണം 30 ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണം 3 ലക്ഷമായി ഉയര്‍ത്തും. ഇതിനായി ഇന്റര്‍നെറ്റ് സാക്ഷരത ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കും. തൃശ്ശൂര്‍ പുതുക്കാടുള്ള സെന്‍ട്രല്‍ ഓപ്പറേറ്റിംഗ് സെന്ററിനു പുറമേ കോഴിക്കോടും കോട്ടയത്തുമായി അഡീഷണല്‍ എന്‍ഒസി കൂടി സ്ഥാപിച്ചു കൊണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തും. അടുത്ത രണ്ട് മാസത്തിനകം ഇന്റര്‍നെറ്റ് ടെലിഫോണ്‍ പ്രവര്‍ത്തന സജ്ജമാകും. IPTV, OTT തുടങ്ങിയ കൂടുതല്‍ മൂല്യവര്‍ധിത സേവനങ്ങളും KCCL-നല്‍കാനാരംഭിക്കും. ഇവ പ്രായോഗികമാകാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് സംരഭക കണ്‍വെന്‍ഷന്‍ അന്തിമ രൂപം നല്‍കും. സംരഭക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിക്കും.ഐടി രംഗത്തെ കോര്‍പ്പറേറ്റ് അധിനിവേഷത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി SCAT എഡിറ്റര്‍ ദിന്യാര്‍ കണ്‍ട്രാക്ടര്‍ ക്ലാസെടുക്കും. 1500പേര്‍ പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷനില്‍
രാജ്യത്തെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി കെ വി രാജന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ ഗോവിന്ദന്‍, കെസിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പിപി സുരേഷ് കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി ആര്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top