തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ ജൂലായ് 10 നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കേസില്‍ വീഴ്ച ഉണ്ടായ എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വഞ്ചനക്കേസ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചോ എന്നതും പരിശോധിക്കും. ജയില്‍, ആശുപത്രി അധികൃതരില്‍ നിന്ന് വീഴ്ചയുണ്ടായോ എന്നതും അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.