മുംബൈ: മുംബൈ നായര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പായല്‍ തദ്വിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ജാതീയമായ അധിക്ഷേപത്തെയും മാനസിക പീഡനത്തെയും തുടര്‍ന്നാണ് പായല്‍ തദ്വി ആത്മഹത്യ ചെയ്തത്. സീനിയര്‍ ഡോക്ടര്‍മാരുടെ പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഡോക്ടര്‍മാരായ ഹേമ അഹൂജ, അന്‍കിത കാന്ഡേവാള്, ഭക്തി മെഹ്റ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.സി, എസ്.ടി പീഡനനിരോധന നിയമപ്രകാരം മൂവര്‍ക്കുമെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്തി മെഹ്റയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
പായല്‍ തദ്വിയുടെ ആത്മഹത്യ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് തന്നെയെന്ന് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി ജാതി അധിക്ഷേപത്തിന് നിരന്തരം ഇരയായതായും സീനിയര്‍ വിദ്യാര്‍ഥികള്‍ അവരെ ജാതി പറഞ്ഞ് പരിഹസിച്ചതായും മന്ത്രി പറയുന്നു. ആന്റി റാഗിങ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണക്കാരയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.