കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ( കിയാല്‍ ) അടുത്ത ദിവസങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറക്കി പരീക്ഷണം നടത്തും. വടക്കന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കിയാല്‍ വിമാനത്താവളത്തിന്റെ വാണിജ്യപരമായ പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനം തുടങ്ങും.
കണ്ണൂരിന്റെ വികസനത്തിന് കുതിപ്പാകുന്ന അന്തര്‍ദേശീയ വിമാനത്താവളം വ്യാപാര വ്യാവസായിക ടൂറിസം മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ അവസാനഘട്ടം പൂര്‍ത്തിയായി വരികയാണ്. ഇതിനുപുറമേ ഇന്‍ട്രമെന്റ് ലാന്‍ഡിംഗ് സംവിധാനവും സജ്ജമായി വരികയാണ്. വിചാരിച്ചതിലും വേഗത്തിലാണ് കിയാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. പബ്ലിക്,പ്രൈവറ്റ് പാര്‍ടണര്‍ഷിപ്പ് മാതൃകയില്‍ നിക്ഷേപം സമാഹരിച്ച ഈ വിമാനത്താവളം രാജ്യത്തെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടാണ്. കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മട്ടന്നൂരിലാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.